ഡോഡ ഭീകരാക്രമണം: സൈനികരുടെ വീരമൃത്യു വേദനാജനകം; അനുശോചിച്ച് ഖർഗെ
ജമ്മു കശ്മീരിലെ ഡോഡയിൽ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സൈനികരുടെ വീരമൃത്യു വേദനാജകമെന്നും സുരക്ഷാ നടപടികളിൽ സൂക്ഷ്മമായ പുനഃക്രമീകരണം ആവശ്യപ്പെടുമെന്നും ഖാർഗെ പറഞ്ഞു.
അടിക്കടിയുണ്ടാകുന്ന ഭീകരാക്രമങ്ങളിൽ കേന്ദ്രസർക്കാരിനെയും ഖർഗെ വിമർശിച്ചു. ഭീകരവാദം ഇല്ലാതെയാക്കാൻ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ദേശ സുരക്ഷ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്നും ഖാർഗെ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയെ കൂട്ടായി ചെറുക്കണമെന്നും കോൺഗ്രസ് എന്നും സൈനികർക്കൊപ്പമെന്നും ഖർഗെ ഓർമിപ്പിച്ചു.
ജമ്മുകശ്മീരിലെ ഡോഡയിലുണ്ടായ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 7.45 ഓടെ വനമേഖലയില്‍ ഭീകരര്‍ക്കായുള്ള സംയുക്ത തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 20 മിനിറ്റിലധികം നീണ്ടുനിന്ന വെടിവെപ്പില്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ ടൈഗേഴ്‌സ് എന്ന സംഘടന ഏറ്റെടുത്തു. ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘവുമായി ബന്ധമുള്ള സംഘടനയാണ് കശ്മീര്‍ ടൈഗേഴ്‌സ്.