ദില്ലിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു
ദില്ലിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തെങ്കിലും ഇയ്യാൾ മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ദില്ലി മന്ത്രി അതിഷി മര്‍ലെനയാണ് പറഞ്ഞത്. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ദൂരൂഹത സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പ്പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ ഒക്കെ പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ദില്ലിയിൽ തുറന്നു കിടക്കുന്ന കുഴൽ കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല്‍ ചെയ്യാൻ അടിയന്തിര നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.