തെലങ്കാനയിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്
തെലങ്കാനയിൽ ആറ് ഗ്യാരന്‍റി കാർഡുകൾക്ക് പുറമേ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 38- ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ബിആർഎസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളിൽ കടന്നുള്ള വാഗ്ദാനങ്ങൾ.
വിവാഹം കഴിക്കാൻ പോകുന്ന വധുക്കൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന ഇന്ദിരമ്മ ഗിഫ്റ്റ് സ്കീം പത്രികയിലുണ്ട്. എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇന്‍റർനെറ്റ്, 18 വയസ്സിന് മുകളിലുള്ള കോളേജിൽ പോകുന്ന എല്ലാ വിദ്യാർഥിനികൾക്കും സൗജന്യ ഇലക്ട്രിക് സകൂട്ടർ, എല്ലാ കോളേജ് വിദ്യാർഥികൾക്കും 5 ലക്ഷം രൂപ സഹായം നൽകുന്ന വിദ്യാ ഭരോസ കാർഡ് തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിലുണ്ട്.
പാവപ്പെട്ടവർക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പറയുന്നു. സംസ്ഥാനത്ത് എസ്‍സി-എസ്‍ടി വിഭാഗങ്ങൾക്ക് ഭൂമിയുണ്ടെങ്കിൽ വീട് വയ്ക്കാൻ 6 ലക്ഷം രൂപ വരെ നൽകും. അതില്ലാത്തവർക്ക് സർക്കാർ ഇന്ദിരമ്മ പദ്ധതിയിൽ വീടുകൾ വച്ച് നൽകും. ഒഴിഞ്ഞ് കിടക്കുന്ന 2 ലക്ഷം സർക്കാർ തസ്തികകളിലേക്ക് നിയമനം നടത്തുമെന്നും അധികാരത്തിലെത്തിയാൽ ഉടൻ ഒബിസി സെൻസസ് (ജാതി സെൻസസ്) പ്രഖ്യാപിക്കുമെന്നും പത്രികയിൽ പറയുന്നുയ
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി പാർട്ണർ ജോലികൾ ചെയ്യുന്നവർക്ക് സാമൂഹ്യസുരക്ഷാ സ്കീം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പത്രികയിൽ 10 പുതിയ ന്യൂനപക്ഷ ക്ഷേമബോർഡുകൾക്ക് കൂടുതൽ ഫണ്ടും വാഗ്ദാനം ചെയ്യുന്നു. ഇവയടക്കം 38 ഇന വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനത്തിന് മുന്നിൽ വയ്ക്കുന്നത്. ഇക്കുറി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.