സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം; ലോക്‌സഭയിൽ 15 എംപിമാർക്കെതിരെ നടപടി
ലോക്സഭയിലെ സുരക്ഷ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിലെ ആറു പേരടക്കമുള്ള കോൺഗ്രസ് എംപിമാർക്കെതിരെയാണു നടപടി. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ, തമിഴ്നാട്ടിൽനിന്നുള്ള ജ്യോതിമണി തുടങ്ങിയവരെയാണു സസ്പെൻഡ് ചെയ്തത്. ആദ്യം അഞ്ചുപേരെയും പിന്നീട് ഒൻപതുപേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
സമ്മേളന കാലയളവ് തീരുന്നതു വരെയാണു സസ്പെൻഷൻ. സഭയുടെ അന്തസ്സിനു ചേരാത്തവിധം പ്രതിഷേധിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. ഗുരുതരമായ അച്ചടക്കലംഘനം, സഭയിലെ തെറ്റായ പെരുമാറ്റം എന്നിവയും ആരോപിച്ചിട്ടുണ്ട്. ബുധനാഴ്ചയുണ്ടായ സുരക്ഷാവീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സ്പീക്കറുടെ താക്കീത് വകവയ്ക്കാതെ ചെയറിനു നേരെ ഇവരിൽ ചിലർ മുദ്രാവാക്യം വിളിച്ചതാണു നടപടിക്കു കാരണമെന്നാണു സൂചന.
ഉച്ചയ്ക്കു ശേഷം ലോക്സഭ സമ്മേളിച്ചപ്പോൾ, പ്രതിപക്ഷ എംപിമാർക്കെതിരെ നടപടി വേണമെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചു. പ്രമേയം സഭ പാസാക്കിയതോടെയാണു സസ്പെൻഷൻ പ്രാബല്യത്തിലായത്. രാജ്യസഭയിലും സമാനമായ നടപടിയുണ്ടായി. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനു തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനെ രാജ്യസഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, പുകയാക്രമണം നടത്തിയവർക്കു പാസ് ശുപാർശ ചെയ്ത മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയ്ക്കെതിരെ നടപടിയെടുത്തില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.
പാർലമെന്റിൽ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആക്ഷേപമുയർന്നതിനു പിന്നാലെ 8 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി. മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ, ലക്‌നൗ സ്വദേശി സാഗർ ശര്‍മ എന്നിവരാണ് സന്ദർശക ഗാലറിയിൽനിന്ന് സഭയിലേക്ക് ചാടിയത്. പാർലമെന്റ് ഗേറ്റിനു പുറത്ത് സ്‌മോക്ക് കാനിസ്റ്ററുകൾ തുറന്ന് മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി, മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ എന്നിവരെയും പിടികൂടി.