ഭൂമിയിടപാട്: കേസുകൾ റദ്ദാക്കണമെന്ന കർദിനാൾ ആലഞ്ചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി
എറണാകുളം–അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസുകൾ സംബന്ധിച്ച് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകൾ റദ്ദാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയത് ഉള്‍പ്പടെയുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. ഇതോടെ, കേസുകളിലെ നടപടികള്‍ തുടരും.
കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹർജി നേരെത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ശരിവച്ചെങ്കിലും കേസിൽ ഹൈക്കാടതി സ്വീകരിച്ച തുടർ നടപടികളും ഉത്തരവുകളും സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ തുടർ നടപടികളിൽ അതൃപ്തിയറിച്ചു കൊണ്ടാണ് കോടതി വിധി പറഞ്ഞത്. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതിയുടെ പ്രധാന ഉത്തരവിനെക്കുറിച്ചു പ്രത്യേക നിരീക്ഷണങ്ങളോടെയാണ് ഇതു ശരിവയ്ക്കുന്നതെന്നു വിധി പ്രസ്താവത്തിനിടെ ജസ്റ്റിസ് ബേല എസ്. ത്രിവേദി പറഞ്ഞു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണെമെന്ന് ആവശ്യപ്പെട്ട് ബത്തേരി, താമരശേരി രൂപതകൾ നൽകിയ ഹർജിയും സുപ്രീം കോടതി തള്ളി. അതേസമയം, ഈ വിഷയത്തിൽ കോടതി എന്തെങ്കിലും പരാമർശം നടത്തിയിട്ടുണ്ടോ എന്നത് വിധി പകർപ്പിലെ വ്യക്തമാകൂ.
സഭയുടെ അഡ്മിനിസ്ട്രേഷൻ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ഭൂമി വിൽക്കാൻ തീരുമാനിച്ചതെന്നും അതിൽ ഗൂഢാലോചനയില്ലെന്നും ഭൂമി വിൽക്കാനുള്ള അധികാരം ബിഷപ്പ് എന്ന നിലയിൽ തനിക്ക് ഉണ്ടെന്നുമായിരുന്നു കർദിനാളിന്റെ വാദം. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ, 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നു വ്യക്തമാക്കി, കര്‍ദിനാളിനെ പിന്തുണച്ചാണ് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചത്.