കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം ഇല്ലാതാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി
കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം ഇല്ലാതാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നത് റദ്ദാക്കാനായിരുന്നു കർണാടക സർക്കാരിന്റെ തീരുമാനം.
വിവിധ മുസ്‌ലിം സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെ മാർച്ച് 24ന് സർക്കാർ ഇത്തരമൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യവും കോടതി ചോദ്യം ചെയ്തു.
ഭരണഘടനാ തത്വങ്ങൾ ബിജെപി സർക്കാർ ലംഘിക്കുകയാണെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. യാതൊരു പഠനവും നടത്താതെയാണ് സർക്കാർ തീരുമാനത്തിലെത്തിയത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 13 ശതമാനം വരുന്ന മുസ്‌ലിംകളോട് വിവേചനപരമായാണ് സർക്കാർ പെരുമാറുന്നതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
കമ്മിഷൻ ശുപാർശ പ്രകാരം, വിവിധ സമുദായങ്ങളുടെ സാമൂഹിക–സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് സംവരണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതെന്ന് കർണാടക സർക്കാർ കോടതിയെ അറിയിച്ചു.