ഒരു പാർട്ടിയേയും പ്രതിക്കൂട്ടിലാക്കാനില്ല; ഡല്‍ഹി മദ്യനയക്കേസിൽ സുപ്രീംകോടതി
ഡൽഹി മദ്യനയ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിച്ചതിൽ വ്യക്തത വരുത്തി സുപ്രീംകോടതി. '' ഈ കേസിൽ ഒരു രാഷ്ട്രീയപാർട്ടിയേയും പ്രതിക്കൂട്ടിലാക്കാനില്ല. തീർത്തും നിയമപരമായ ചോദ്യമാണ് ഉന്നയിച്ചത്'' – സുപ്രീംകോടതി വ്യക്തമാക്കി.
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നോട് ഉന്നയിച്ച ചോദ്യത്തിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിച്ചതിൽ ആം ആദ്മി പാർട്ടിക്കു (എഎപി) ഗുണം ലഭിച്ചെങ്കിൽ എന്തുകൊണ്ടാണ് പാർട്ടിക്കെതിരെ കുറ്റം ചുമത്താത്തതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
ഡൽഹി മദ്യനയക്കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ഇഡി കേസുകളിൽ ജാമ്യം തേടിയാണു മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതിൽ ഇഡിയുടെ മറുപടി തേടിയുള്ള വാദം തുടരുകയാണ്. ഇതിൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു മറുപടി നൽകും.
അതിനിടെ സുപ്രീം കോടതിയുടെ ചോദ്യത്തിന് പിന്നാലെ ആം ആദ്മി പാർട്ടിക്ക് കുറ്റം ചുമത്തുന്നതിനായി ഇഡി നീക്കം തുടങ്ങി. ഇതിനായി ഇഡി നിയമോപദേശം തേടി. കള്ളപ്പണം വെളുപ്പിച്ച പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതായി ഇഡി കോടതിയിൽ ആരോപിച്ചു.
ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനുശേഷം മാർച്ച് ഒൻപതിന് അതേ കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് റജിസ്റ്റർ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. തുടർന്ന് മദ്യനയം സർക്കാരിനു പിൻവലിക്കേണ്ടി വന്നു. മദ്യനയ രൂപീകരണത്തിൽ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങൾക്ക് 12% ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തിയിരുന്നു.