Begin typing your search...

ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി; പ്രതികൾ ജയിലിലേയ്ക്ക്, ശിക്ഷായിളവ് റദ്ദാക്കി

ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി; പ്രതികൾ ജയിലിലേയ്ക്ക്, ശിക്ഷായിളവ് റദ്ദാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൊലപാതക, മാനഭംഗക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്ത് ഇരയായ ബിൽക്കിസ് ബാനു അടക്കമുള്ളവർ നൽകിയ ഹർജിയിൽ വിധി പറഞ്ഞ് സുപ്രീംകോടതി. 'ശിക്ഷ വിധിക്കുന്നത് പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടത്തെ സർക്കാരിനായിരുന്നു അവകാശം.'- സുപ്രീംകോടതി പറഞ്ഞു.

11 പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവും കോടതി റദ്ദാക്കി. ഇവർ വീണ്ടും തടവ് ശിക്ഷ അനുഭവിക്കണം. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബർ 12ന് വിചാരണ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിലാണ് ബിൽക്കിസ് ബാനുവും കുടുംബവും കൊടുംക്രൂരതയ്ക്ക് ഇരയായത്. അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആദ്യകുഞ്ഞിനെ അക്രമികൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. അമ്മയെ അടക്കം കൂട്ടമാനഭംഗം ചെയ്തു.

കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു. 2022ൽ സ്വാതന്ത്ര്യദിനത്തിലാണ് 14 വർഷം തടവു ശിക്ഷ അനുഭവിച്ചതും നല്ലനടപ്പ് പരിഗണിച്ചതും ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവുകാരെ വിട്ടയച്ചത്. ഇതിനെതിരെ സി.പി.എം നേതാവ് സുഭാഷിണി അലി, തൃണമൂൽ മുൻ എം.പി മഹുവ മൊയ്ത്ര, മുൻ ഐ.പി.എസ് ഓഫീസർ മീരൻ ചദ്ദ ബോർവങ്കർ എന്നിവരുടേത് ഉൾപ്പെടെ പൊതുതാത്പ്പര്യ ഹർജികളാണ് ആദ്യം സുപ്രീംകോടതിയിൽ വന്നത്. പിന്നീട് ബിൽക്കിസ് ബാനുവും ഹർജി നൽകി. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാരെ മോചിപ്പിച്ചത് മാനസികാഘാതമുണ്ടാക്കിയെന്ന് ബിൽക്കിസ് വാദിച്ചു.

ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് മോചിപ്പിക്കപ്പെട്ട 11 പ്രതികൾ. 2022 ഓഗസ്റ്റ് 15ന്, 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാൽ, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു.

ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികൾ ഒരുതരത്തിലുമുള്ള ദയയും അർഹിക്കുന്നില്ലെന്നും, ജയിലിലേക്ക് തിരികെ അയയ്ക്കണമെന്നും ബിൽക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അത്യന്തം പ്രാകൃതമായ രീതിയിലായിരുന്നു പ്രതികളുടെ ക്രൂരതകൾ. എന്നിട്ടും കുറ്റവാളികളോട് മൃദു നിലപാട് ഗുജറാത്ത് സർക്കാർ സ്വീകരിച്ചു. അവർക്ക് അനുകൂലമായി നിലപാടെടുത്തു. ശിക്ഷാ കാലയളവിലെ ഭൂരിഭാഗം ദിവസവും പ്രതികൾ പരോളിൽ പുറത്തായിരുന്നു. കേസിലെ 11 കുറ്റവാളികളെ ശിക്ഷായിളവ് നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് അഭിഭാഷക ഇക്കാര്യങ്ങൾ അറിയിച്ചത്.

WEB DESK
Next Story
Share it