പലസ്തീൻ വിഷയത്തിൽ യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു; കടുത്ത വിയോജിപ്പെന്ന് സോണിയ ഗാന്ധി
ഹമാസ്- ഇസ്രായേൽ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇസ്രായേലിലെയും, പാലസ്തീനിലെയും ജനങ്ങൾക്ക് സമാധാനത്തോടെ കഴിയാൻ അവകാശമുണ്ടെന്ന് സോണിയാഗാന്ധി പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശലംഘനം കണ്ടില്ലെന്ന് നടിച്ചാണ് പ്രധാനമന്ത്രി ഇസ്രയേലിന് പിന്തുണ നൽകിയത്. യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നിലപാടിനോട് കടുത്ത വിയോജിപ്പ് അറിയിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഇസ്രായേൽ ജനതയുമായുള്ള സൗഹൃദത്തിനും കോൺഗ്രസ് മൂല്യം കൽപിക്കുന്നു. അതിന്റെയർത്ഥം അവരുടെ മുൻകാല ചെയ്തികൾ മറന്നുവെന്നല്ലെന്നും സോണിയാഗാന്ധി കൂട്ടിച്ചേർത്തു. ഗാസയിൽ സമാധാനം പുലരണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി അംഗം പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. യു എൻ പ്രമേയത്തിലെ ഇന്ത്യൻ നിലപാട് ഞെട്ടപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. രാജ്യമെന്ന നിലയിൽ ഇന്ത്യ ഇതുവരെ നേടിയ എല്ലാ പുരോഗതികൾക്കും എതിരാണ് കേന്ദ്രസർക്കാർ നിലപാടെന്നും അവർ അഭിപ്രായപ്പെട്ടു.