തമിഴ്‌നാട്ടിലെ സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി; ടി.ആർ.ബി. രാജയെ ഉൾപ്പെടുത്തി
തമിഴ്നാട്ടിലെ സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി. മുതിർന്ന നേതാവ് ടി.ആർ. ബാലുവിന്റെ മകൻ ടി.ആർ.ബി. രാജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. മന്നാർഗുഡിയിൽനിന്നുള്ള എംഎൽഎയാണ് ടി.ആർ.ബി. രാജ. ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കുമെന്ന് ഗവർണറുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ടി.ബി.ആർ. രാജയെ ഉൾപ്പെടുത്തുന്നതിനായി ക്ഷീരവികസന വകുപ്പ് മന്ത്രി തിരു എസ്. എം. നാസറിനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 35 അംഗ മന്ത്രിസഭയാണ് നിലവിൽ തമിഴ്‌നാട്ടിലുള്ളത്.
ധനമന്ത്രി പളനിവേൽ ത്യാഗരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചതിനു പിന്നാലെയാണ് മന്ത്രിസഭയിലെ അഴിച്ചുപണി. സ്റ്റാലിന്റെ മകൻ ഉദയനിധിക്കും മരുമകൻ ശബരീശനും എതിരേ ധനമന്ത്രിയായ പി.ടി.ആർ. സംസാരിക്കുന്ന ശബ്ദസന്ദേശമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുറത്തുവിട്ടത്.