പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൻ്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കണം: മോദിക്ക് കത്തെഴുതി സോണിയ
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലെ അജണ്ട എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതി കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്സൺ സോണിയാ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി യാതൊരു വിധത്തിലുള്ള ചർച്ചകളുമില്ലാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതെന്നും സോണിയ കത്തിൽ കുറ്റപ്പെടുത്തി.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക സെഷൻ വിളിച്ചു ചേർത്തിരിക്കുന്നത്. എന്താണ് പാർലമെന്റ് സമ്മേളനത്തിലെ അജണ്ട എന്നതിനെക്കുറിച്ച് ആർക്കും ഒരു വ്യക്തതയില്ല. ജനങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും ഉയർത്തിക്കാണിക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊതുപ്രശ്നങ്ങൾക്കായുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും നിയമപരമായി സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- സോണിയാ ഗാന്ധി കത്തിൽ പറഞ്ഞു.
തുടർന്ന്, പാർലമെന്റ് സെഷനിൽ ചർച്ച ചെയ്യാൻ വേണ്ടി രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളും അക്കമിട്ട് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിലെ രാജ്യത്തെ സാമ്പത്തിക നില, അവശ്യ സാധനങ്ങളുടെ വില വർധനവ്, തൊഴിലില്ലായ്മ, കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അദാനി വിഷയത്തിൽ പുതിയ വെളിപ്പെടുത്തലിൽ ജെ.പി.സി. അന്വേഷണം, മണിപ്പൂരിലെ പ്രതിസന്ധി, ഹരിയാനയിലെ വർഗീയ സംഘർഷം, ലഡാക്ക് അരുണാചൽ പ്രദേശ് മേഖലയിൽ ചൈനയുടെ അതിർത്തി കൈയേറ്റം, ജാതി സർവെയുടെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ പാർലമെന്ററി പ്രത്യേക സമ്മേളനത്തിൽ ചർച്ചയാക്കണമെന്ന് സോണിയാ ഗാന്ധി കത്തിൽ പറഞ്ഞു.