ഡൽഹി സർവകലാശാലയിലും അംബേദ്കർ സർവകലാശാലയിലും ബി.ബി.സി ഡോക്യുമെൻററി പ്രദർശനം തടഞ്ഞു; പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു
ഡൽഹി സർവകലാശാലയിലും അംബേദ്കർ സർവകലാശാലയിലും ബിബിസി ഡോക്യുമെന്ററി പ്രദർശനം തടഞ്ഞു. ഡൽഹി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകളിലും ലാപ്പ്‌ടോപ്പിലുമായിട്ടായിരുന്നു ഡോക്യുമെൻററി പ്രദർശനത്തിന് തയ്യാറെടുത്തിരുന്നത്. എന്നാൽ ലാപ്പ്‌ടോപ്പിൽ പ്രദർശനം ആരംഭിച്ച ഉടനെ വിദ്യാർത്ഥികൾക്കിടയിലേക്ക് പൊലീസ് കടന്നുവരികയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. വിദ്യാർഥികളുമായി വാക്കുതർക്കത്തിലേർപ്പട്ടതിന് തൊട്ടുപിന്നാലെയാണ് പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. പത്തോളം മലയാളി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അംബേദ്കർ സർവകലാശാലയിൽ സർവകലാശാലാ അധികൃതരാണ് ബി.ബി.സി ഡോക്യുമെൻററിയുടെ പ്രദർശനം തടഞ്ഞത്. ഡോക്യുമെൻററിക്ക് അംബേദ്കർക്ക് സർവകലാശാല നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഡോക്യുമെൻററിയുടെ പ്രദർശനം പ്രൊജക്ടറിൽ നടത്തരുതെന്ന് സർവകലാശാല നിർദേശമുണ്ടായിരുന്നു. അതിനാൽ ലാപ്പ്‌ടോപ്പുകളിലും മൊബൈൽ ഫോണുകളിലുമാണ് പ്രദർശനം സംഘടിപ്പിച്ചത്. എ.ബി.വി.പി അടക്കമുള്ള സംഘടനകൾ പ്രദർശനത്തിനെതിരെ രംഗത്തുവന്നിരുന്നു. പ്രദർശനം തടഞ്ഞതിന് പിന്നാലെ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെല്ലാം ബി.ബിസി ഡോക്യുമെൻററി പ്രദർശനത്തിന് നേരെ പൊലീസിൽ നിന്നും സർവകലാശാല അധികൃതരിൽ നിന്നും പ്രദർശന വിലക്ക് നേരിട്ടിരുന്നു.