ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിക്കണം; എസ്ബിഐക്ക് സുപ്രീം കോടതി നോട്ടീസ്
ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐക്ക് നോട്ടിസ് അയച്ച് സുപ്രീം കോടതി. തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്നും നോട്ടിസിൽ പറയുന്നു. ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
എസ്ബിഐ നിലവിൽ നൽകിയ രേഖയിൽ സീരിയൽ നമ്പറുകൾ ഉൾപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിലേ പണം നൽകിയ ആളെക്കുറിച്ചും ഏതു രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകിയതെന്നുമുള്ളതും മനസ്സിലാക്കാനാകൂ. ബാങ്കിന്റെ അഭിഭാഷകൻ എവിടെയെന്നും കോടതി ചോദിച്ചു. കേസിൽ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റർ ജനറൽ മറുപടി നൽകിയത്.
സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നലെ രാത്രിയോടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 15നു വൈകിട്ട് 5 മണിക്കുള്ളിൽ വിവരങ്ങൾ കമ്മിഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ചയാണ് കടപ്പത്രത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കൈമാറിയത്. വിവരങ്ങൾ നൽകാൻ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.