അഗ്നിപഥ്: വിജ്ഞാപനം ചെയ്ത ഒഴിവുകളിൽ നിയമനമില്ല; ഉദ്യോഗാർഥികളുടെ ഹർജി സുപ്രീം കോടതി തള്ളി
അഗ്നിപഥ് പദ്ധതി വരുന്നതിനു മുൻപ് കരസേന വിജ്ഞാപനം ചെയ്ത ഒഴിവുകളിൽ നിയമനം നടത്താത്തതിനെതിരെ ഉദ്യോഗാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിർത്തിവച്ച നിയമന നടപടി പൂർത്തിയാക്കണമെന്ന് ഉദ്യോഗാർഥികൾക്ക് ആവശ്യപ്പെടാനാകില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, വ്യോമസേനയിലേക്ക് എഴുത്തുപരീക്ഷയും മെഡിക്കൽ–ഫിസിക്കൽ ടെസ്റ്റുകളും കഴിഞ്ഞിട്ടും നിയമനം ലഭിക്കാതിരുന്നവരുടെ കാര്യം 17നു പരിഗണിക്കും. ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാൻ പ്രതിരോധ മന്ത്രാലയത്തോടു കോടതി നിർദേശിച്ചു.
അഗ്നിപഥ് പദ്ധതിക്കു മുൻപ് ആരംഭിച്ച കരസേനാ റിക്രൂട്മെന്റ് നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാൽ കൃഷൻ, എം.എൽ.ശർമ എന്നിവരാണ് ഹർജി നൽകിയത്. നേരത്തേ സമ്മതിച്ചതിനു വിരുദ്ധമായ സർക്കാർ നടപടി നിയമലംഘനമാണെന്ന ഇവരുടെ വാദം കോടതി തള്ളി.
അടിയന്തരാവശ്യമായതിനാലാണ് അഗ്നിപഥിലൂടെ നിയമനം നടത്താൻ തീരുമാനിച്ചതെന്നു കേന്ദ്ര സർക്കാർ വിശദീകരിച്ചു. രാജ്യതാൽപര്യം കണക്കിലെടുത്ത് ഒഴിവുകൾ നികത്തേണ്ടതുണ്ടെന്നും വാദിച്ചു.
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്യുന്നില്ലെന്നും അതിനുമുൻപുള്ള കര– വ്യോമസേനാ വിജ്ഞാപനങ്ങൾ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഹർജിക്കാർ വാദിച്ചു.
കോവിഡ് ഉൾപ്പെടെ കാരണങ്ങൾ പറഞ്ഞു പരീക്ഷ സർക്കാർ നീട്ടിക്കൊണ്ടുപോകുകയും 2022 ജൂണിൽ പെട്ടെന്നു അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുകയുമായിരുന്നു. വ്യോമസേനയിലേക്കു പരീക്ഷ നടത്തി; ഫലം പ്രഖ്യാപിച്ചില്ല. 3 വർഷമായി അവർ കാത്തിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം 17നു പരിഗണിക്കാമെന്നു കോടതി ഉറപ്പു നൽകി.