രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം; കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രം
രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി. മദ്രാസ് ഹൈക്കോടതിയിലാണ് കേന്ദ്രം ഇതു സംബന്ധിച്ച നിലപാട് അറിയിച്ചത്. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണ് നടപടി. ജയിൽമോചിതരായ ശേഷവും ഇവർ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. നിലവിൽ തിരുചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് 4 പേരും ഉള്ളത്.
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വർഷം നവംബറിലാണ് ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്. ജയിൽ മോചിതരായ ശ്രിലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.