അശോക് ഗെലോട്ട് അവതരിപ്പിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്; ബിജെപി നടുത്തളത്തിൽ കുത്തിയിരുന്നു
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അവതരിപ്പിച്ചത് പഴയ ബജറ്റ്. ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തി. 2022-2023 സാമ്പത്തിക വർഷത്തെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ആദ്യത്തെ രണ്ട് പദ്ധതികൾ അവതരിപ്പിച്ചപ്പോൾ തന്നെ പഴയ ബജറ്റാണെന്ന് മുറുമുറുപ്പയർന്നു. പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷം പരിഹാസവുമായി രംഗത്തെത്തി. ഒടുവിൽ ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നൽകി.
എന്നാൽ ഉദ്യോഗസ്ഥർ കൊണ്ടുവന്ന പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയാണ് സഭയിലേക്ക് ബജറ്റ് കൊണ്ടുവരേണ്ടതെന്നും ഉദ്യോഗസ്ഥർ നൽകിയ ബജറ്റ് ചോർന്നോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. സ്പീക്കർ സി.പി. ജോഷി ഇടപെട്ടെങ്കിലും പ്രതിക്ഷം പ്രതിഷേധം തുടർന്നു. സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സഭ 30 മിനുട്ട് നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ചതിന് ശേഷവും ബി.ജെ.പി. എം.എൽ.എമാർ നടുത്തളത്തിൽ കുത്തിയിരുന്നു.
പ്രതിഷേധം തുടർന്നതോടെ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു. അതേസമയം, ഇതേ അബദ്ധം മുമ്പ് ബിജെപിക്കും സംഭവിച്ചിട്ടുണ്ടെന്ന് ഗെലോട്ട് ന്യായീകരിച്ചു. ബജറ്റ് ചോർന്നിട്ടില്ലെന്നും പുതിയ ബജറ്റിൽ പഴയ ബജറ്റിന്റെ പേജുകൾ അറിയാതെ ന്നതാണെന്നും അദ്ദേഹം പറഞ്ഞു. പഴയ ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാൻ നിയമസഭയെ മുഖ്യമന്ത്രി അവഹേളിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി എം.എൽ.എ രാജേന്ദ്ര റാത്തോഡ് പറഞ്ഞു.