ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ പൊലീസ് റെയ്ഡ്
ന്യൂസ് ക്ലിക്ക്' ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിൽ ഡൽഹി പൊലീസിന്റെ പരിശോധന. ന്യൂസ് ക്‌ളിക്ക് മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിൽ റെയ്ഡ് നടക്കുന്നതിനിടെയാണിത്. വാർത്താ പോർട്ടലിലെ ജീവനക്കാരൻ യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ താമസിക്കുന്നതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്. സർക്കാർ നൽകിയ വസതിയാണിത്. എന്നാൽ യെച്ചൂരി ഇവിടെ താമസിക്കുന്നില്ല.
ന്യൂസ് ക്‌ളിക്കിന് ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പരിശോധന നടത്തുന്നത്. പോർട്ടലിനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും വാർത്ത പുറത്തുവരുന്നു. സയൻസ് ഫോറം ഭാരവാഹി ഡി.രഘുനന്ദൻ, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സഞ്ജയ് രജൗര എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമൊക്കെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് ഇഡി ന്യൂസ് പോർട്ടലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.