Begin typing your search...

'വയനാടും താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപി ശ്രമിക്കുമ്പോഴെല്ലാം അത് കൂടുതൽ ശക്തമാകും': രാഹുൽ ഗാന്ധി

വയനാടും താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപി ശ്രമിക്കുമ്പോഴെല്ലാം അത് കൂടുതൽ ശക്തമാകും: രാഹുൽ ഗാന്ധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാടും താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപി ശ്രമിക്കുമ്പോഴെല്ലാം അതു കൂടുതൽ ശക്തമാകുമെന്നു രാഹുൽ ഗാന്ധി എംപി. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി കെപിസിസി ഒരുക്കിയ ‍സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കവേയാണു വയനാടുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായത്. നാലു മാസത്തിനു ശേഷം വീണ്ടും എംപിയായി എന്റെ കുടുംബത്തിലേക്കു തിരികെ വന്നിരിക്കുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ വയനാട്‍ എന്നെ സ്നേഹിച്ചു. എന്നെ സംരക്ഷിച്ചു. എനിക്ക് ആദരം നൽകി. ബിജെപി എന്നെ നൂറു പ്രാവശ്യം അയോഗ്യനാക്കിയാലും വയനാടും ഞാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും രാഹുൽ വിശദീകരിച്ചു.

മണിപ്പുർ കലാപത്തില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. മണിപ്പുരിലെ ഹിംസ അവസാനിപ്പിക്കാൻ നരേന്ദ്ര മോദിക്കു കഴിയാത്തത് അദ്ദേഹം ഇന്ത്യയെ സ്നേഹിക്കാത്തതിനാലാണെന്നു രാഹുൽ കുറ്റപ്പെടുത്തി. മണിപ്പുരിനെ വിഭജിക്കാനും നശിപ്പിക്കാനും ബിജെപി ശ്രമിച്ചാലും ഞങ്ങൾ അവിടെ സ്നേഹവും പരസ്പരവിശ്വാസവും തിരികെക്കൊണ്ടുവരുമെന്നും രാഹുൽ ഉറപ്പുനൽകി. ''മണിപ്പുരിനെ പുനഃസ്ഥാപിക്കാൻ വർഷങ്ങളെടുത്താലും അതു ഞങ്ങൾ ചെയ്യും. ജനങ്ങൾ പരസ്പരം കൊല്ലുമ്പോൾ അത് ഇന്ത്യയാകില്ല. ഇന്ത്യയെന്നാൽ നമ്മുടെ ജനതയുടെ പരസ്പരസ്നേഹവും അടുപ്പവുമാണ്. ജനങ്ങളെ പരസ്പരം അടുപ്പിക്കലാണ് ഇന്ത്യ. അങ്ങനെയുള്ള ഇന്ത്യ എന്ന ആശയത്തെയാണു മണിപ്പുരിൽ ബിജെപി കൊന്നത്. ഇന്ത്യ എന്ന കുടുംബത്തെയും ആശയത്തെയും തകർക്കാനാണു നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നത്''– രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

കുടുംബങ്ങളെ നശിപ്പിക്കുകയും ജനങ്ങൾക്കിടയിലെ സ്നേഹബന്ധം ഇല്ലാതാക്കുകയുമാണു ബിജെപി. ബിജെപിയുടെ വിഭജനനയം മൂലം മണിപ്പുരിലെ ആയിരക്കണക്കിനു കുടുംബങ്ങൾ നശിച്ചു. എന്നാൽ, കോൺഗ്രസ് ജനങ്ങളെ ഒന്നിപ്പിക്കുന്നു. ബന്ധങ്ങൾ ശക്തമാക്കുന്നു. ഇന്ത്യയിലെ കുടുംബാംഗങ്ങളെ പരസ്പരം അകറ്റാൻ ശ്രമിക്കും തോറും അവരുടെ ബന്ധം കൂടുതൽ ശക്തമാകുകയേ ഉള്ളൂവെന്നതു ബിജെപിക്കു മനസ്സിലാകില്ലെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. ''മണിപ്പുരിൽ കൊലപാതകങ്ങൾ നടക്കുമ്പോൾ നരേന്ദ്ര മോദി പാർലമെന്റിൽ ചിരിക്കുകയും തമാശ പറയുകയുമാണ്. മണിപ്പുരിൽ ഭാരതമാതാവ് കൊല്ലപ്പെടുന്നതിനെക്കുറിച്ച് 2 മിനിറ്റ് മാത്രമാണ് നരേന്ദ്ര മോദി സംസാരിച്ചത്. ഇന്ത്യ എന്ന ആശയത്തെ സ്നേഹിക്കാത്ത നരേന്ദ്ര മോദി ഒരിക്കലും ദേശീയവാദിയല്ല''– രാഹുൽ ഗാന്ധി വ്യക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കിനു പ്രവർത്തകർ രാഹുൽ ഗാന്ധിക്കു നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ.മുരളീധരൻ, എം.കെ.രാഘവൻ, ജെബി മേത്തർ, രമ്യ ഹരിദാസ്, എംഎൽഎമാരായ എ.പി.അനിൽകുമാർ, സണ്ണി ജോസഫ്, സജീവ് ജോസഫ്, ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റുമാരായ എൻ.ഡി.അപ്പച്ചൻ, കെ.പ്രവീൺകുമാർ, വി.എസ്.ജോയ്, മാർട്ടിൻ ജോർജ്, യുഡിഎഫ് ഘടക കക്ഷിനേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

WEB DESK
Next Story
Share it