ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യൻ നാവികരെ വിട്ടയച്ചു
ഖത്തറിൽ തടവിലായിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെ വിട്ടയച്ചു. നാവികസേനയിൽ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാർ, റിട്ട. കമാൻഡർമാരായ പൂർണേന്ദു തിവാരി, അമൃത് നാഗ്പാൽ, സുഗുണാകർ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റൻമാരായ നവ്തേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്.
ഖത്തർ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഖത്തറിന്റെ തീരുമാനം വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. ഡിസംബറിൽ ഇവരുടെ വധശിക്ഷ ഖത്തർ അപ്പീൽ കോടതി ഇളവു ചെയ്തിരുന്നു. 2022 ഓഗസ്റ്റിൽ 8 പേരും അറസ്റ്റിലായതു മുതൽ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇവർ ജോലി ചെയ്തിരുന്നത് ദോഹയിലെ അൽ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന കമ്പനിയിലാണ്. കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന പൂർണേന്ദു തിവാരി പ്രവാസി ഭാരതീയ സമ്മാൻ ജേതാവാണ്. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഒമാൻ സ്വദേശി ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റമെന്നു ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നജ്മിയെ പിന്നീടു ജാമ്യത്തിൽ വിട്ടിരുന്നു.