ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താം ; അനുമതി നൽകി വാരണാസി ജില്ലാ കോടതി
വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം.
ഗ്യാൻവ്യാപി പള്ളി മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വാരണാസിയിലെ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് എഎസ്ഐ സ്ഥിരീകരിച്ചെന്നും പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി പറഞ്ഞിരുന്നു. മനോഹരമായ ക്ഷേത്രം തകർത്തതിന് ശേഷമാണ് പള്ളി നിർമിച്ചതെന്ന് എഎസ്ഐ പുറത്തുവിട്ട തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പള്ളിയിൽ ക്ഷേത്ര ഘടനയുള്ള, പ്രത്യേകിച്ച് പടിഞ്ഞാറൻ മതിൽ, ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന ഭാഗമാണെന്നും തൂണുകളും പൈലസ്റ്ററുകളും ഉൾപ്പെടെ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പരിഷ്കരിച്ചതാണെന്നും റിപ്പോർട്ട് തെളിയിക്കുന്നു. വസുഖാനക്ക് ശിവലിംഗത്തിന്റെ ആകൃതിയാണെന്നത് അത് പള്ളിയല്ലെന്ന് തെളിയിക്കുന്നു. ജനാർദ്ദന, രുദ്ര, ഉമേശ്വര തുടങ്ങിയ പേരുകൾ ഈ നിർമിതിയിൽ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളിൽ നിന്ന് ഇത് ക്ഷേത്രമാണെന്നതിൻ്റെ തെളിവാണെന്നും അലോക് വർമ അവകാശപ്പെട്ടു.
1947 ഓഗസ്റ്റ് 15 ന് ആരാധനാലയത്തിന്റെ മതപരമായ ആചാരം നിലനിന്നിരുന്നുവെന്നും ഇതൊരു ഹിന്ദു ക്ഷേത്രമാണെന്നും എഎസ്ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു, അലോക് കുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 4 പ്രകാരം, നിർമിതി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു. വസുഖാന പ്രദേശത്ത് കണ്ടെത്തിയ ശിവലിംഗത്തിന് സേവാപൂജ അർപ്പിക്കാൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും വിഎച്ച്പി അധ്യക്ഷൻ പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് മാന്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും കാശി വിശ്വനാഥന്റെ യഥാർത്ഥ സ്ഥലം ഹിന്ദു സൊസൈറ്റിക്ക് കൈമാറാനും അദ്ദേഹം ഇന്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ഭാരതത്തിലെ രണ്ട് പ്രമുഖ സമൂഹങ്ങൾക്കിടയിൽ സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കുന്നതുള്ള സുപ്രധാന ചുവടുവയ്പായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള എഎസ്ഐ സർവേ റിപ്പോർട്ട് പരസ്യമാക്കിയതിന് പിന്നാലെയാണ് വിഎച്ച്പി രംഗത്തെത്തിയത്. മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദു വ്യവഹാരക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു.