ഹിന്ദു പേരിൽ പാക് സ്വദേശികൾക്ക് ഇന്ത്യയിൽ സ്ഥിര താമസ ഒരുക്കി; യുപി സ്വദേശി അറസ്റ്റിൽ
പാക് സ്വദേശികൾക്ക് വ്യാജ വിലാസത്തിൽ ബെംഗളൂരുവിൽ താമസിക്കാൻ ഒത്താശ ചെയ്ത നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസറ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ അഞ്ച് പാക് കുടുംബങ്ങൾക്ക് ഹിന്ദു പേരുകളിൽ ഇന്ത്യയിൽ താമസിക്കാനുള്ള സഹായമാണ് ഇയാൾ ചെയ്ത് നൽകിയിരിക്കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയതായാണ് വിവരം.
സെപ്തംബർ 29ന് ബെംഗളൂരുവിൽ മറ്റൊരു പേരിൽ കഴിഞ്ഞിരുന്ന പാകിസ്ഥാൻ സ്വദേശികൾ പിടിയിലായിരുന്നു. ചെന്നൈ അന്തർ ദേശീയ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ചെക്കിംഗിൽ പിടിയിലായ രണ്ട് പേരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് റാഷിദ് അലി സിദ്ദിഖി എന്ന 48കാരൻ ഭാര്യ 38കാരിയായ ആയിഷ, യുവതിയുടെ മാതാപിതാക്കളായ ഹനീഫ് മുഹമ്മദ് (73), റുബീന (61) എന്നിവർ കർണാടകയിലെ രാജപുര എന്ന സ്ഥലത്ത് ശങ്കർ ശർമ്മ, ആശാ റാണി, റാം ബാബു ശർമ്മ, റാണി ശർമ്മ എന്ന പേരിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ ശർമ്മ കുടുംബമാണെന്നും പാസ്പോർട്ട് അടക്കമുള്ള രേഖകളും ഇവർ കാണിച്ചു.
എന്നാൽ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിലെ ഭിത്തിയിൽ പതിപ്പിച്ചിരുന്ന ഖുറാൻ വാക്യങ്ങളേക്കുറിച്ച് ചോദ്യം ഉയർന്നതോടെയാണ് കുടുംബത്തിന്റെ കള്ളി പൊളിയുന്നത്. മുസ്ലിം പുരോഹിതരുടെ ചിത്രങ്ങളും ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ലാഹോർ സ്വദേശിയാണ് ഭാര്യയും മാതാപിതാക്കളുമെന്നും കറാച്ചിക്ക് സമീപത്തെ ലിയാഖത്ബാദിൽ നിന്നുള്ളയാളാണ് താനുമെന്ന് ശങ്കർ ശർമ്മ എന്ന പേരിൽ കഴിഞ്ഞിരുന്ന റാഷിദ് അലി സിദ്ദിഖി വിശദമാക്കിയിരുന്നു.
2011ലാണ് ആയിഷയെ ഓൺലൈനിലൂടെ വിവാഹം ചെയ്യുന്നത്. ഈ സമയത്ത് ആയിഷയും കുടുംബവും ബംഗ്ലാദേശിലായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ മതപുരോഹിതരുടെ നിർബന്ധം താങ്ങാനാവാതെയാണ് ഇയാൾ ബംഗ്ലാദേശിലെത്തി ആയിഷയ്ക്കൊപ്പം താമസം ആരംഭിക്കുന്നത്.
ഒരു മുസ്ലിം പുരോഹിതന്റെ സഹായത്തോടെയാണ് ഇയാളും ഭാര്യയും ഭാര്യാ മാതാപിതാക്കളും അവരുടെ ബന്ധുക്കളായ രണ്ട് പേരുമൊന്നിച്ച് പശ്ചിമ ബംഗാളിലെ മാൾഡ വഴി ദില്ലിയിലെത്തി. ഇവിടെ നിന്ന് വ്യാജ രേഖകൾ സംഘടിപ്പിച്ച ശേഷം റാഷിദ് അലി സിദ്ദിഖിയും കുടുംബവും താമസം ബെംഗളൂരിലേക്ക് മാറ്റുകയായിരുന്നു.
ദില്ലിയിൽ നിന്ന് വ്യാജ ആധാർ കാർഡ് അടക്കമുള്ളവ ഇവർ സ്വന്തമാക്കിയിരുന്നു. വഞ്ചന, ആൾമാറാട്ടം, വ്യാജ പാസ്പോർട്ട് അടക്കമുള്ള രേഖകൾ സംഘടിപ്പിക്കലും ഉപയോഗിക്കലും അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പാസ്പോർട്ട് ആക്ട് അനുസരിച്ചുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയത്.