പ്രിയങ്ക ഗാന്ധി ശനിയാഴ്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ; അഖിലേഷും SP നേതാക്കളും ഞായറാഴ്ച
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച അണിചേരും. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ വെച്ചാണ് പ്രിയങ്ക ന്യായ് യാത്രയുടെ ഭാഗമാകുക. മുറാറാദാബാദില്‍ നിന്ന് അംരോഹ, സംഭാല്‍, ബുലന്ദ്ശഹര്‍, അലിഗഢ്, ഹാത്രസ്, ആഗ്ര എന്നിവിടങ്ങളിലൂടെ ഫത്തേപ്പുര്‍ സിക്രി വരെയാണ് പ്രിയങ്ക യാത്ര ചെയ്യുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ജലീകരണവും വയറ്റിലെ അണുബാധയും കാരണം പ്രിയങ്ക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലായിരുന്നു പ്രിയങ്ക. ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് പ്രിയങ്ക ന്യായ് യാത്രയിലേക്ക് എത്തുന്നത്. അസുഖം കാരണം ന്യായ് യാത്രയുടെ ഭാഗമാകാന്‍ കഴിയാതിരുന്നതിലെ നിരാശ നേരത്തേ പ്രിയങ്ക തുറന്നുപറഞ്ഞിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്രയെ ഉത്തര്‍പ്രദേശിലേക്ക് സ്വീകരിക്കാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടിവന്നുവെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചിരുന്നു. അസുഖം ഭേദമായാല്‍ ഉടന്‍ താന്‍ ന്യായ് യാത്രയിലേക്ക് എത്തുമെന്നും പ്രിയങ്ക അറിയിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവും ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് എത്തുന്നുണ്ട്. ഞായറാഴ്ചയാണ് അഖിലേഷും എസ്.പി. നേതാക്കളും യാത്രയില്‍ അണിചേരുക. ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസും എസ്.പിയും തമ്മിലുള്ള സീറ്റ് വിഭജനം കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയായിരുന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ് അഖിലേഷ് ഉള്‍പ്പെടെയുള്ള എസ്.പി. നേതാക്കളെ യാത്രയിലേക്ക് ക്ഷണിച്ചത്. എസ്.പി. നേതാക്കള്‍ പങ്കെടുക്കുന്നത് ഇന്ത്യ സഖ്യത്തിലെ ശക്തമായ ഐക്യത്തിന്റെ സന്ദേശം നല്‍കുമെന്ന് അജയ് റായ് പറഞ്ഞിരുന്നു.