കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഇ.ഡി കുറ്റപത്രത്തില്‍ പ്രിയങ്കാഗാന്ധിയുടെ പേരും
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ ആദ്യമായി പ്രിയങ്കാഗാന്ധിയുടെ പേരും. ഹരിയാണയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരുമുള്ളത്.
ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്‍സ് എച്ച്.എല്‍. പഹ്‌വയില്‍നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കുതന്നെ വിറ്റതില്‍ പ്രിയങ്കയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്‌വയില്‍നിന്ന് അഞ്ചേക്കര്‍ വാങ്ങിയതിന് പുറമേ, പ്രിയങ്കയുടെ പങ്കാളി റോബര്‍ട്ട് വാദ്ര 40.08 ഏക്കറോളം വരുന്ന, മൂന്നു ഭാഗങ്ങളായുള്ള ഭൂമി 2005- 06 കാലത്ത് വാങ്ങുകയും 2010-ല്‍ അയാള്‍ക്കു തന്നെ ഇത് വില്‍ക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. ഇയാള്‍ എന്‍.ആര്‍.ഐ. വ്യവസായി സി.സി. തമ്പിക്കും ഭൂമി വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണ വലയത്തിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ സി.സി. തമ്പിയും ബ്രിട്ടീഷ് പൗരനായ മറ്റൊരു വ്യവസായിയും ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നേരത്തെ റോബര്‍ട്ട് വാദ്രയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. സി.സി. തമ്പിയുമായി വാദ്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇ.ഡി. ആരോപണം. 2006-ല്‍ പ്രിയങ്കയുടെ പേരില്‍ പഹ്‌വയില്‍നിന്ന് വാങ്ങിയ വീട് ഭൂമിക്കൊപ്പം തിരിച്ചുവിറ്റുവെന്നും ആരോപിക്കുന്നു. സമാനരീതിയില്‍ സി.സി. തമ്പി പഹ്‌വയില്‍നിന്ന് 486 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് ഇ.ഡി. കണ്ടെത്തല്‍.