ഔദ്യോഗിക അനുമതി ലഭിച്ചില്ല, മോദി-ബിൽ ഗേറ്റ്‌സ് അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം പ്രസാർ ഭാരതി ഉപേക്ഷിച്ചു
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 45 മിനിട്ട് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാർ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷൻ ഔദ്യോഗികമായി മറുപടി നൽകിയില്ല.
എന്നാൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് അനൗദ്യോഗികമായി പ്രസാർ ഭാരതിയെ അറിയിച്ചതായാണു വിവരം.
അഭിമുഖം പ്രക്ഷേപണം ചെയ്താൽ അത് ഔദ്യോഗിക മാധ്യമ സംവിധാനങ്ങൾ ഭരണകക്ഷിക്കായി ഉപയോഗിച്ചുവെന്ന വിമർശനത്തിന് ഇടയാക്കുമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഔദ്യോഗിക അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അഭിമുഖം പ്രക്ഷേപണം ചെയ്യാനുള്ള നീക്കം പ്രസാർ ഭാരതി ഉപേക്ഷിച്ചു.
സ്വകാര്യ ന്യൂസ് ചാനലുകളിലും യുട്യൂബ് ചാനലുകളിലും അഭിമുഖം പ്രത്യക്ഷപ്പെട്ടിരുന്നു.