Begin typing your search...

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ  സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല:  മുഖ്യമന്ത്രി പിണറായി വിജയൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ പണമൊന്നും ഞങ്ങൾക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണ്. എക്സാലോജിക്സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകൾ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തു വർഷത്തെ പ്രോഗ്രസ് കാർ‌ഡ് വച്ച് വോട്ടു ചോദിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി കേരളത്തോട് ബിജെപിക്ക് വിദ്വേഷ സമീപനമാണെന്നും പറഞ്ഞു. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ കേരളത്തിന്റെ സഹകരണ മേഖലയോട് ബിജെപിക്ക് അവരുടേതായ നിലപാടുണ്ട്. കേരളത്തെ തകർക്കുകയെന്നതാണ് ആ നിലപാട്. കഴിഞ്ഞ നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ വേട്ടയാടാനാണ് നോക്കിയത്. ജനങ്ങളുടെ നല്ല രീതിയിലുള്ള വിശ്വാസം കേരളത്തിലെ സഹകരണസ്ഥാപനങ്ങൾക്കുണ്ട്.

നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചിട്ടുള്ളത്. മനുഷ്യരാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. ചില ഘട്ടങ്ങളിൽ ആ മനുഷ്യരിൽ ചിലർ വഴിതെറ്റിയ നിലപാടുകൾ സ്വീകരിച്ചു. അവരോട് ഒരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് ഉണ്ടാകില്ല. കേരളത്തിലെ സഹകരണമേഖലയെ ആകെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. കുറ്റം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്ന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂരിലെ നിക്ഷേപകർക്ക് 117 കോടിയോളം രൂപ തിരിച്ചുനൽകാൻ കഴിഞ്ഞിട്ടുണ്ട്. ആവശ്യക്കാർക്ക് നിക്ഷേപം തിരികെ നൽകാൻ ബാങ്ക് തയാറാണ്. ബാങ്ക് തകർന്നുപോവുകയല്ല, കൃത്യമായി ഇടപാടുകൾ നടത്തിയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എത്രയെത്ര അഴിമതി കഥകളാണ് രാജ്യത്ത് കേൾക്കേണ്ടി വന്നത്. ബിജെപി നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാർ‌ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ട്. അത് പ്രത്യേക സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ആ സംസ്കാരമല്ല ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും ബിജെപി മുന്നണി മൂന്നാമതാവുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സംഘപരിവാറിനെ എതിർക്കുന്ന എൽഡിഎഫ് ജയിക്കണോ അതോ മൃദു സമീപനം സ്വീകരിക്കുന്ന യുഡിഎഫ് ജയിക്കണോയെന്നു ജനം തീരുമാനിക്കും. 2019ലേതിനു വിപരീത ഫലമാകും ഇത്തവണയുണ്ടാവുക. കേരള വിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിനു ജനം കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തിനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ട്. ഏത് വോട്ടായാലും പോരട്ടെയെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘യുവാക്കൾ‌ക്ക് തൊഴിൽ നൽകണമെന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പതുക്കെ പിന്മാറുകയാണ്. പട്ടാളത്തിൽ പോലും സ്ഥിരം നിയമനങ്ങൾ നടക്കുന്നില്ല. വർഷം രണ്ടു കോടി പുതിയ തൊഴിൽ നൽകുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ബിജെപി വാഗ്ദാനം പാലിച്ചില്ല. കഴിഞ്ഞ 10 വർഷത്തിനിടെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ആർക്കു നൽകിയ വാഗ്ദാനമാണ്? രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോർപ്പറേറ്റുകൾക്കു മാത്രമാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോർപ്പറേറ്റ് ലോണുകളാണ് പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത്. രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുന്ന ബിജെപി സർക്കാരിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക’’– മുഖ്യമന്ത്രി പറഞ്ഞു.

പ്രകടന പത്രികയിൽ സ്വീകരിച്ച അതേ നിലപാടാണ് കേരളത്തോടും സംസ്ഥാനമെന്ന നിലയിൽ കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിപറഞ്ഞു. കടമെടുപ്പ് പരിധി വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും കേരളത്തിനു തിരിച്ചടി കിട്ടിയെന്നാണ് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രസംഗങ്ങളിൽ പറഞ്ഞതായി കേട്ടത്. കേരളത്തിന് തിരിച്ചടിയുണ്ടായിട്ടില്ല. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നത് എങ്ങനെയാണ് തിരിച്ചടിയാകുക. - മുഖ്യമന്ത്രി ചോദിച്ചു.

WEB DESK
Next Story
Share it