'അഞ്ചു കോടി രൂപ നൽകണം, അല്ലെങ്കിൽ ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശം ഗതി വരും'; സൽമാൻ ഖാന് വീണ്ടും ഭീഷണി
ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണി മുഴക്കി അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി സംഘം. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാളാണ് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം അയച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ദീർഘകാല വൈരാഗ്യം പരിഹരിക്കാൻ നടൻ സൽമാൻ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് സന്ദേശം. സൽമാൻ പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശമായിരിക്കും നടന്റെ ഗതിയെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
'സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. വൈരാഗ്യം പരിഹരിക്കാൻ സൽമാൻ ഖാൻ അഞ്ചുകോടി നൽകണം. ഇത് നിസ്സാരമായി കാണരുത്, അല്ലാത്തപക്ഷം സൽമാൻ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാൾ മോശമാകും,'- സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാർ എടുത്തതായി നവി മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സൽമാൻ ഖാനെ കൊലപ്പെടുത്താൻ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 18 വയസ്സിൽ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായും പൊലീസ് വ്യക്തമാക്കുന്നു. 60 മുതൽ 70 വരെ ആളുകളാണ് സൽമാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. സൽമാന്റെ ബാന്ദ്രയിലെ വീട്, പൻവേൽ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും നടനെ നിരീക്ഷിക്കുന്നത്. സൽമാൻ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു. സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്തുള്ള വെടിവെപ്പ് അന്വേഷിച്ചപ്പോഴാണ് സൽമാൻ ഖാനെ അദ്ദേഹത്തിന്റെ പൻവേൽ ഫാം ഹൗസിന് സമീപത്തു വെച്ച് വധിക്കാനുള്ള ഗൂഢാലോചനയുടെ വിവരം പൊലീസിന് ലഭിച്ചത്. അടുത്തിടെയാണ് സൽമാൻ ഖാന്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുൻമന്ത്രിയുമായ ബാബാ സിദ്ദിഖി അക്രമി സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ഇതേത്തുടർന്ന് നടൻ സൽമാൻ ഖാനും അദ്ദേഹത്തിന്റെ വസതിക്കും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.