പാര്‍ലമെന്റ് അതിക്രമത്തിലെ പ്രതികളുടെ ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങള്‍ രാജസ്ഥാനില്‍നിന്നും കണ്ടെത്തി. ഫോണുകളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പാര്‍ലമെന്റിനകത്തും പുറത്തും അതിക്രമത്തില്‍ നേരിട്ട് പങ്കാളികളായ നാല് പ്രതികളുടെ ഫോണുകൾ കേസിലെ മുഖ്യപ്രതിയായ ലളിത് ഝാ ആയിരുന്നു സൂക്ഷിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിന് ശേഷം രാജസ്ഥാനിലേക്ക് കടന്ന ഇയാള്‍ അവിടെവെച്ച് ഫോണുകള്‍ നശിപ്പിച്ചശേഷം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
ആദ്യം നാല് പ്രതികളുടെയും ഫോണുകള്‍ കത്തിച്ചതിന് ശേഷമാണ് സ്വന്തം ഫോണും ലളിത് അവിടെവച്ച് തന്നെ നശിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസന്വേഷണം വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനുമായി പ്രതികളുടെ ഫോണുകള്‍ ലളിത് ഝാ നശിപ്പിച്ചിരിക്കാമെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഫോണിനൊപ്പം കത്തിക്കരിഞ്ഞ നിലയില്‍ ചില വസ്ത്രങ്ങളുടെയും ഷൂവിന്റെ അവശിഷ്ടങ്ങളും രാജസ്ഥാനില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രാജസ്ഥാനിലെ നഗരൂര്‍ സ്വദേശി മഹേഷായിരുന്നു ലളിത് ഝായെ ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. ഇയാള്‍ക്കൊപ്പം താമസിക്കവെയാണ് ലളിത് ഫോണുകള്‍ നശിപ്പിച്ചത്. മഹേഷിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.