മണിപ്പുരില്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി പ്രതിപക്ഷ എംപിമാർ
മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ പ്രതിനിധികളായ എംപിമാർ സംസ്ഥാന ഗവർണർ അനസൂയ ഉയ്‌കെയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് നിവേദനം നൽകി. സംസ്ഥാനം നേരിടുന്ന വിഷയവും തങ്ങളുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഗവർണർക്ക് നിവേദനം കെെമാറിയത്. മണിപ്പുരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് എം.പിമാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 89 ദിവസമായി സംസ്ഥാനം നേരിടുന്ന ക്രമസമാധാന തകർച്ച സംബന്ധിച്ച് കേന്ദ്രസർക്കാരിനെ ഗവർണർ അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ മൗനം മണിപ്പുരിനോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ സമീപനമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
140-ലധികം മരണങ്ങൾ സംസ്ഥാനത്ത് സംഭവിച്ചതായും 500-ലധികം വീടുകൾ കത്തിനശിച്ചതായും എം.പിമാർ ഇതിൽ സൂചിപ്പിച്ചിരിക്കുന്നു. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുണ്ടായ പരാജയത്തിന്റെ സൂചനയാണെന്നും എംപിമാർ നൽകിയ നിവേദനത്തിൽ പറയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെടിവെയ്പ്പിന്റേയും നാശനഷ്ടങ്ങളുടേയും കണക്കുകൾ വ്യക്തമാക്കുന്നത് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ ദയനീയമാണെന്നും കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഇന്റർനെറ്റ് നിരോധനം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നതിന് കാരണമാകുന്നുവെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ പ്രതിപക്ഷം ആരോപിച്ചിരിക്കുന്നു.
മൂന്നുമാസത്തോളമായി കലാപം തുടരുന്ന മണിപ്പുരിന്റെ യഥാർഥചിത്രം പാർലമെന്റിൽ അവതരിപ്പിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ലക്ഷ്യമിട്ടു കൊണ്ടാണ് 16 പാർട്ടികളിൽപ്പെട്ട 21 എം.പി.മാരുടെ സംഘം ശനിയാഴ്ച മണിപ്പൂരിൽ എത്തിയത്. മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് എംപിമാരെ ഇൻഫാൽ വിമാനത്താവളത്തിൽ സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള പാർലമെൻറ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീർ, എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, പി സന്തോഷ് കുമാർ എന്നിവരും മണിപ്പൂർ സന്ദർശിക്കുന്ന എംപിമാരുടെ സംഘത്തിൽ ഉണ്ട്.