ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ഉന്നതതലസമിതി യോഗം 23ന് ചേരും
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു'മായി ബന്ധപ്പെട്ട ഉന്നതതലസമിതിയുടെ യോഗം പാർലമെന്റ് സമ്മേളനത്തിനുശേഷം 23ന് ചേരും. ഇതോടെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചർച്ചയാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതല സമിതിയുടെ സമ്പൂർണ യോഗമാണ് ചേരുകയെന്ന് സമിതി അധ്യക്ഷൻ റാംനാഥ് കോവിന്ദ് വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളും ഡൽഹിയിലുണ്ടാകണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി പരിഗണിക്കും. വളരെ നീണ്ട പ്രകിയയിലൂടെയാണ് സമിതി കടന്നുപോകുന്നത്.
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ എട്ടംഗ സമിതി രൂപവത്കരിച്ചിരുന്നു. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആണ് സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങൾ. കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ പ്രത്യേക ക്ഷണിതാവായി യോഗത്തിൽ പങ്കെടുക്കും. ഇതിനു മുൻപ് റാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്വാൾ എന്നിവർ മാത്രമായി ചർച്ചകൾ നടത്തിയിരുന്നു. അതിനുശേഷമാണ് സമ്പുർണയോഗം ചേരുന്നത്.
കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചത്. ഉന്നതലയോഗം വിളിച്ചതോടെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി നിയമ നിർമാണം ഉണ്ടാകുമെന്ന ആശങ്ക ഒഴിവായി. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്നായിരുന്നു സൂചനകൾ. ലോക്സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ഉദ്ദേശിക്കുന്നതാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയം. ഇതു മുൻപും പലതവണ ഉന്നയിക്കപ്പെട്ടിരുന്നു. നിലവിൽ, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതത് സഭകളുടെ കാലാവധിയുടെ അവസാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.