ഒമിക്രോൺ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും അതുമൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. തിങ്കളാഴ്ച മാത്രം 3641 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ ഒന്നിന് 2,994 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ ഏപ്രിൽ രണ്ടിന് ഇത് 3,824 ആയി വർധിച്ചു. മൂന്നിനു നേരിയ കുറവ് രേഖപ്പെടുത്തി 3,641ലേക്ക് താഴ്ന്നു. തിങ്കളാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് 61.12 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനവുമാണ്.
24 മണിക്കൂറിനിടെ 1,800 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,41,75,135 ആയി. നിലവിൽ 20,219 പേരാണ് ചികിത്സയിൽ കഴിയുന്നത്.