തിരിച്ചറിയാതെ ഇരുനൂറോളം മൃതദേഹങ്ങള്‍; ഓണ്‍ലൈനിലൂടെയും ബന്ധുക്കളെ തേടി ഒഡിഷ സര്‍ക്കാര്‍
ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരുടേയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. നൂറു കണക്കിന് മൃതദേഹങ്ങള്‍ വിവിധ മോര്‍ച്ചറികളില്‍ ഇപ്പോഴും അവകാശികളെ കാത്ത് കിടക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താൻ ഓണ്‍ലൈന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍.
മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ (srcodisha.nic.in) പങ്കുവെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒഡിഷ സര്‍ക്കാര്‍ ഒരുക്കിയ പോര്‍ട്ടലിലൂടെ ബന്ധുക്കളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ പട്ടികയും ഒഡീഷ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്.
അപകടത്തില്‍ ഇതുവരെ മരിച്ചത് 275 പേരാണെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. നേരത്തെ 288 പേര്‍ മരിച്ചെന്നായിരുന്നു അറിയിച്ചിരുന്നത്. ചില മൃതദേഹങ്ങള്‍ രണ്ടു തവണ എണ്ണിയതാണ് ഈ പിശകിന് കാരണമെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. മരിച്ച 275 പേരില്‍ 88 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളൂവെന്നും ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി. 1175 പേര്‍ക്ക് പരിക്കേറ്റതില്‍ 793 പേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നതാണ് ഒഡിഷ സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ പരിശോധന നടത്തുന്നതെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു.
മരിച്ചവരുടെ ഫോട്ടോകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. അപകടത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഈ ചിത്രങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നവയാണ്. കുട്ടികള്‍ ഈ ചിത്രങ്ങള്‍ കാണുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബന്ധുക്കള്‍ക്ക് 1929 എന്ന ഹെല്‍പ്പലൈന്‍ നമ്പറിലൂടെ അധികൃതരെ ബന്ധപ്പെടാം. മോര്‍ച്ചറികളിലേക്കും ആശുപത്രികളിലേക്കും എത്തുന്നതിന് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.