അദാനിക്ക് കേരളത്തിലടക്കം പദ്ധതികൾ നൽകിയത് ബിജെപി ഇതര സർക്കാർ; നിർമലാ സീതാരാമൻ
അദാനി വിഷയത്തിൽ സർക്കാരിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. സർക്കാർ അദാനിഗ്രൂപ്പിന് പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം തള്ളിയ മന്ത്രി, വിഷയത്തിൽ പ്രതിപക്ഷത്തിന്റേത് യാഥാർഥ്യം മറച്ചുവെച്ചുള്ള നിലപാടാണെന്ന് വിമർശിക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പിന് ഭൂമിയും തുറമുഖങ്ങളും നൽകിയത് ബി.ജെ.പി. സർക്കാരുകൾ അല്ലെന്ന് നിർമല പറഞ്ഞു. ഞങ്ങൾ ഒന്നും കൊടുത്തിട്ടില്ല. വ്യക്തമായി പറഞ്ഞാൽ, നരേന്ദ്ര മോദി സർക്കാരിന് കീഴിലുള്ള എല്ലാ പദ്ധതികളും ടെൻഡറുകളിലൂടെയാണ് നൽകിയിട്ടുള്ളത്- ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. രാജസ്ഥാനിലും കേരളത്തിലും പശ്ചിമ ബെംഗാളിലും ഛത്തീസ്ഗഢിലും അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പി. സർക്കാരുകൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചത് അവിടം ബി.ജെ.പി. ഇതര സർക്കാരുകൾ അധികാരത്തിലിരുന്ന കാലത്താണ്- നിർമല കൂട്ടിച്ചേർത്തു. പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുത്തി പ്രതിപക്ഷം ചർച്ചകൾ ഒഴിവാക്കുകയാണെന്നും നിർമല ആരോപിച്ചു.