താത്പര്യമില്ലെന്ന് തുടക്കത്തില്‍തന്നെ വ്യക്തമാക്കി, ഖാര്‍ഗയെ നിര്‍ദേശിച്ചതില്‍ നിരാശയോ നീരസമോ ഇല്ല; നിതീഷ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. അധ്യക്ഷനുമായ നിതീഷ് കുമാര്‍. ഡല്‍ഹിയില്‍ നടന്ന സഖ്യയോഗത്തിനുശേഷം നതീഷിന്റെ ആദ്യപ്രതികരണമാണിത്. ഖാര്‍ഗയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ തനിക്ക് നിരാശയോ നീരസമോയില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
യോഗത്തില്‍ നേതാവിനെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ച വന്നു. തനിക്ക് താത്പര്യമില്ലെന്ന് തുടക്കത്തില്‍തന്നെ വ്യക്തമാക്കി. തുടര്‍ന്ന് ഒരു പേര് മുന്നോട്ടുവെച്ചു. അത് തനിക്കും എതിര്‍പ്പില്ലാത്തതായിരുന്നു. സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇത് നേരത്തെ നടന്ന യോഗങ്ങളിലും വ്യക്തമാക്കിയത്. ശരിയായ സമയത്ത് സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിശ്വാസം. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളേയും അദ്ദേഹം തള്ളിക്കളഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശത്തെ പിന്തുണച്ചു.