കുതിച്ചുയര്‍ന്ന് ആദിത്യ; ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രനെ വിജയകരമായി തൊട്ട ഇന്ത്യ അതിശയിപ്പിക്കുന്ന മറ്റൊരു നേട്ടത്തിലേക്കാണ് കുതിച്ചുയർന്നത്. രാവിലെ 11.50ന് ഐ.എസ്.ആർ.ഒയുടെ വിശ്വസ്തനായ പിഎസ്എൽവി ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി.15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയന്‍റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.
വിക്ഷേപണത്തിനു മുന്നോടിയായുള്ള പരീക്ഷണങ്ങളെല്ലാം വിജയമായിരുന്നു. 800 കിലോമീറ്റർ അകലെയുള്ള ഭൂഭ്രമണ പാതയിൽ പേടകത്തെ എത്തിക്കുകയാണ് ആദ്യ കടമ്പ. ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിപ്പിച്ച് പേടകം പിന്നീട് നാലു തവണ ഭൂമിയെ വലയം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് നീങ്ങും. 125 ദിവസം നീളുന്ന ഈ ഘട്ടങ്ങൾ പിന്നിട്ട് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിന്‍റില്‍, ആദിത്യ-എൽ 1 എത്തും. സൂര്യന്‍റെ പുറംഭാഗത്തെ താപവ്യതിയാനം, ഉപരിതലഘടന പഠനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിന്‍റെ ഫലങ്ങൾ എന്നിവയാണ് പഠന ലക്ഷ്യം.
ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച ഏഴു പേലോഡുകളാണ് പേടകത്തിലുള്ളത്. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിന്‍റെ കാലാവധി. ചന്ദ്രയാൻ മൂന്നിന്‍റെ വിജയം നുകരുന്ന നമുക്ക് മറ്റൊരു ചരിത്രനേട്ടത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്.