'പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആധുനിക ഇന്ത്യയിൽ മദ്റസകൾ ആവശ്യമില്ല': അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആധുനിക ഇന്ത്യയിൽ മദ്റസകൾ ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്റസകളല്ല, ആധുനിക സർവകലാശാലകളാണ് ഡോക്ടർമാരെയും എൻജിനീയർമാരെയും ഉൽപാദിപ്പിക്കുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. മുസഫർപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്ഥാവന. 400ലേറെ സീറ്റുകൾ നേടി എൻ.ഡി.എ സർക്കാർ അധികാരം നിലനിർത്തുകയാണെങ്കിൽ മധുരയിലും വാരണാസിയിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുമെന്നും ഏകസിവിൽകോഡ് നടപ്പാക്കുമെന്നും ഹിമന്ത വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠയിൽ പോലും പങ്കെടുക്കാത്തവരാണ് ലാലു പ്രസാദ് യാദവും രാഹുൽ ഗാന്ധിയും. രാമവിഗ്രഹത്തെ ടെന്റിലേക്ക് മാറ്റുകയാണ് അവരുടെ ലക്ഷ്യം. അങ്ങനെയൊരിക്കലും സംഭവിക്കാൻ പാടില്ല. നാം അത് അനുവദിച്ചുകൊടുക്കരുതെന്നും ഒ.ബി.സി വിഭാഗങ്ങളുടെ കടുത്ത ശത്രുവാണ് ആർ.ജെ.ഡിയെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നൽകുന്നത് പാകിസ്താനിലാണ്. ഇന്ത്യയിലല്ല. മുസ്‍ലിംകൾക്ക് സംവരണം നൽകുകയാണ് ലക്ഷ്യമെങ്കിൽ ലാലു പാകിസ്താനിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ ഒരുതരത്തിലും അത് അനുവദിക്കില്ല. രാഹുൽ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകില്ല. പ്രധാനമന്ത്രിയാകണമെങ്കിൽ അദ്ദേഹം പാകിസ്താനിൽ പോയി മത്സരിക്കേണ്ടി വരും. പ്രീതിപ്പെടുത്തൽ രാഷ്ട്രീയമാണ് രാഹുലിന്റെയും സംഘത്തിന്റെതുമെന്നും അദ്ദേഹം പരിഹസിച്ചു.