പ്രധാനമന്ത്രി വിളിച്ച എൻ.ഡി.എ യോഗം; ആരൊക്കെ വരുമെന്ന് നാളെ അറിയാമെന്ന് ജെ.പി നദ്ദ
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചിരിക്കുന്ന എൻ.ഡി.എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജെ പി നദ്ദ പറഞ്ഞു. അജണ്ട അംഗീകരിക്കുന്ന പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാം. അതേസമയം പ്രതിപക്ഷത്തിന്റേത് വെറും ഫോട്ടോ ഓപ്പർച്യുനിറ്റിയെന്നും പരിഹാസം. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും നദ്ദ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് നാളെ എൻ ഡി എ യോഗം വിളിച്ചിരിക്കുന്നത്. എൻഡിഎയുടെ വ്യാപ്തി വർഷങ്ങളായി വർധിച്ചതായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ സഖ്യങ്ങൾ വരാനും ഭരണ കൂട്ടുകെട്ടിൽ നിന്ന് പുറത്തുപോയവരെ തിരിച്ചു പിടിക്കാനും ഭരണകക്ഷി കഴിഞ്ഞ ആഴ്‌ചകളിലും മാസങ്ങളിലും ഓവർടൈം പ്രവർത്തിച്ചതിനാൽ നിലവിലുള്ളതും പുതിയതുമായ ബിജെപി സഖ്യകക്ഷികളുടെ സാന്നിധ്യം എൻഡിഎ യോഗത്തിൽ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.