Begin typing your search...

'ജീവിതത്തിൽ ഇനി പ്രതീക്ഷയില്ല; ജയിലിൽ മരിക്കുകയാണ് നല്ലത്': കൂപ്പുകൈകളോടെ നരേഷ് ഗോയൽ

ജീവിതത്തിൽ ഇനി പ്രതീക്ഷയില്ല; ജയിലിൽ മരിക്കുകയാണ് നല്ലത്: കൂപ്പുകൈകളോടെ നരേഷ് ഗോയൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടന്ന് മരിക്കുകയാണെന്നും ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ. കോടതിയില്‍ കണ്ണ് നിറഞ്ഞ് തൊഴുകയ്യോടെയാണ് നരേഷ് ഗോയല്‍ ഇങ്ങനെ പറഞ്ഞത്. 538 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുകയാണ് നരേഷ് ഗോയല്‍.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം സെപ്തംബറിലാണ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഗോയല്‍. ഭാര്യയുടെയും മകളുടെയും അവസ്ഥ മോശമാണ്. കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് ഭാര്യ അനിതയെന്നും മിസ് ചെയ്യുന്നുവെന്നും നരേഷ് ഗോയല്‍ പറഞ്ഞു. പ്രത്യേക ജഡ്ജി എം ജി ദേശ്‌പാൻഡെയ്ക്ക് മുന്‍പാകെയാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

തന്‍റെ ആരോഗ്യനില അപകടകരമായ അവസ്ഥയിലാണെന്നും നരേഷ് ഗോയല്‍ കോടതിയില്‍ പറഞ്ഞു. തന്നെ സഹായിക്കുന്നതിൽ ജയിൽ ജീവനക്കാർക്ക് പരിമിതികളുണ്ട്.കാൽമുട്ടുകൾ നീരുവെച്ച അവസ്ഥയിലാണ്. കാലുകൾ മടക്കാൻ കഴിയുന്നില്ല. മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദനയാണ്. ചിലപ്പോൾ മൂത്രത്തിലൂടെ രക്തം പോവാറുണ്ട്. താങ്ങാനാവാത്ത വേദനയാണ് അനുഭവിക്കുന്നത്. ആർതർ റോഡ് ജയിലിൽ നിന്ന് ജെജെ ആശുപത്രിയിലേക്കുള്ള യാത്ര കഠിനമാണ്. അവിടെ നീണ്ട ക്യൂ ആണ്. ഡോക്ടര്‍മാരെ സമയത്തിന് കാണാന്‍ കഴിയാറില്ല. തന്നെ ജെജെ ആശുപത്രിയിലേക്ക് അയക്കരുത്. പകരം ജയിലിൽ തന്നെ മരിക്കാൻ അനുവദിക്കണമെന്നും ഗോയല്‍ കോടതിയോട് അപേക്ഷിച്ചു. തനിക്ക് 75 വയസ്സായെന്നും ഭാവിയെക്കുറിച്ച് തനിക്ക് പ്രതീക്ഷയില്ലെന്നും ഗോയല്‍ പറഞ്ഞു.

ജഡ്ജി അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചത്. ഗോയലിന്‍റെ ശരീരം മുഴുവൻ വിറയ്ക്കുന്നത് കണ്ടു. നിൽക്കാൻ പോലും സഹായം ആവശ്യമാണ്. കുറ്റാരോപിതനെ നിസ്സഹായനാക്കില്ലെന്നും ശരിയായ ചികിത്സയിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യ പരിചരണം ഉറപ്പാക്കുമെന്നും ജഡ്ജി വ്യക്തമാക്കി. തനിക്ക് ഹൃദ്രോഗം, പ്രോസ്റ്റേറ്റ്, ഓർത്തോപീഡിക് പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് നരേഷ് ഗോയല്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ജനുവരി 16 ന് കേസ് വീണ്ടും പരിഗണിക്കും.

കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് നരേഷ് ഗോയലിനെതിരായ കേസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമാണ് ഇഡി കേസെടുത്തത്. ജെറ്റ് എയർവേയ്‌സ് (ഇന്ത്യ) ലിമിറ്റഡിന് 848.86 കോടി രൂപയുടെ വായ്പ അനുവദിച്ചെന്നും അതിൽ 538.62 കോടി രൂപ കുടിശ്ശികയുണ്ടെന്നുമുള്ള ബാങ്കിന്റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

WEB DESK
Next Story
Share it