'എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്, സത്യമാണ് എന്റെ ദൈവമെന്ന് രാഹുൽ; വിധി അപ്രതീക്ഷിതമെന്ന് കോൺഗ്രസ്
അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ആരെയും വേദിനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ. അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ പറഞ്ഞു. 'എല്ലാ കള്ളൻമാർക്കും മോദിയെന്ന പേര്' എന്ന പരാമർശത്തിൽ, രാഹുലിന് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. അപ്പീലിന് സാവകാശം നൽകി ഉത്തരവ് മരവിപ്പിച്ച കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.
'എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ്' എന്നായിരുന്നു കോടതിവിധിക്കെതിരെ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്.
मेरा धर्म सत्य और अहिंसा पर आधारित है। सत्य मेरा भगवान है, अहिंसा उसे पाने का साधन।
— Rahul Gandhi (@RahulGandhi) March 23, 2023
- महात्मा गांधी
അതേസമയം, കോടതി വിധി അപ്രതീക്ഷിതമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. കേസിലെ തുടർനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായി നേരിടും. രാജ്യത്ത് സംഭവിക്കുന്നത് ജനമറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസിനു തന്നെ തലവേദനയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പരിഹസിച്ചു. രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെ മുഴുവനും പ്രതികൂലമായി ബാധിക്കുന്നു. അദ്ദേഹത്തിന്റെ മനോഭാവം കാരണം കോൺഗ്രസ് കഷ്ടപ്പെടുകയാണെന്ന് ചില കോൺഗ്രസ് എംപിമാർ തന്നോട് പറഞ്ഞുവെന്നും കിരണ്‍ റിജിജു പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ വച്ച് നടത്തിയ പരാമർശത്തിലാണ് രാഹുലിനെതിരെ കോടതിയുടെ നടപടി. ബിജെപി നേതാവ് പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പൂർണേഷ് മോദി പ്രതികരിച്ചു.