'സത്യം പറയുന്നത് തുടരും'; രാഹുലിന് പിന്തുണയുമായി പ്രിയങ്കയും പ്രതിപക്ഷ നേതാക്കളും
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്കാ ഗാന്ധി. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിനെ കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അവര്‍ സഹോദരന് പിന്തുണയുമായി രംഗത്തെത്തിയത്.
രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നത് തുടരും. രാഹുല്‍ ഭയപ്പെടില്ലെന്നും സത്യം പറയുന്നത് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
डरी हुई सत्ता की पूरी मशीनरी साम, दाम, दंड, भेद लगाकर @RahulGandhi जी की आवाज को दबाने की कोशिश कर रही है।
— Priyanka Gandhi Vadra (@priyankagandhi) March 23, 2023
मेरे भाई न कभी डरे हैं, न कभी डरेंगे। सच बोलते हुए जिये हैं, सच बोलते रहेंगे। देश के लोगों की आवाज उठाते रहेंगे।
सच्चाई की ताकत व करोड़ों देशवासियों का प्यार उनके साथ है।
അതേസമയം, വിഷയത്തില്‍ ഭരണകൂടത്തിനെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കേസില്‍ നിയമത്തിന്റെ വഴിയിലൂടെത്തന്നെ പോരാടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നീതിന്യായവകുപ്പും തിരഞ്ഞെടുപ്പ് കമ്മീഷനും ഇ.ഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് അശോക് ഗഹ്ലോത്തും ആരോപിച്ചു.
രാഹുലിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. കോടതിയെ ബഹുമാനിക്കുന്നുവെന്നും വിധിയോട് വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.