ചാന്ദ്രയാന്‍ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക്
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3ന് ഇന്ന് നിര്‍ണായക ഘട്ടം. യാത്രയുടെ ഓരോ ഘട്ടവും വിജയകരമാക്കി മുന്നേറുന്ന ചാന്ദ്രയാന്‍ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുക. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചാന്ദ്രയാൻ 3 വിജയകരമായി പിന്നിട്ടതായാണ് ഐഎസ്ആർഒ അറിയിച്ചത്. ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ 3 ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്.
17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചാന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍നിന്ന് പുറത്തു കടന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തൽ നടക്കും. ചന്ദ്രോപരിതലത്തിൽനിന്നു 100 കിലോമീറ്റർ മുകളിൽ ഭ്രമണപഥത്തിലെത്തിയശേഷം പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു ലാൻഡർ വേർപെടും. ഓഗസ്റ്റ് 17ന് ഇതു സംഭവിക്കുമെന്നാണു കണക്കുകൂട്ടൽ. മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ, ത്രസ്റ്റർ എൻജിൻ ഉപയോഗിച്ച് വേഗം കുറച്ചാകും ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുക. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നു ദൗത്യത്തിൻറെ ഭാവി നിർണയിക്കുന്ന ലാൻഡറിൻറെ സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്നാണ് ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ.
ചന്ദ്രയാൻ 1,2 എന്നിവയേക്കാൾ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ചന്ദ്രയാൻ 3 ചന്ദ്രന്റെ ഇതുവരെ പര്യവേക്ഷണം ചെയ്യാത്ത ദക്ഷിണ ധ്രുവത്തിൽ ഇറക്കുകയാണ് ലക്ഷ്യം. ലാൻഡ് ചെയ്ത്, തുടർന്ന് 14 ദിവസമാണ് റോവറിന്റെ പ്രവർത്തന കാലയളവ്. ഇക്കാലയളവിൽ ലാന്ററിലെയും റോവറിലേയും വിവിധ ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും വിവരശേഖരണങ്ങളും ഐഎസ്ആർഒ നടത്തും. ജൂലൈ 14നാണ് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്ന ഐ.എസ്.ആർ.ഒയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.