'തന്റെ സഹോദരി വാരാണസിൽ മത്സരിച്ചിരുന്നെങ്കിൽ മോദി തോറ്റോനെ' ; രാഹുൽ ഗാന്ധി
പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കിൽ മോദി തോറ്റേനെയെന്ന് രാഹുൽ ഗാന്ധി. വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ മൂന്ന് ലക്ഷം വോട്ടിന് മോദി തോൽക്കുമായിരുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഉത്തർപ്രദേശിൽ 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. വാരാണസിയിൽ കോൺഗ്രസിന്‍റെ അജയ് റായിക്കെതിരെ ആദ്യം പിന്നിൽ പോയ മോദി, പിന്നീട് 1.6 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയില്‍ എത്തിയതായിരുന്നു. റായ്ബറേലിയിലെ രാഹുലിന്‍റെ വിജയം കോണ്‍ഗ്രസ് പ്രവർത്തകരുടെ കഠിനാധ്വനത്തിന്‍റെ ഫലമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടിയാണ് വിജയം നേടിയതെന്ന് രാഹുലും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സഖ്യം ഒന്നിച്ച് ഒറ്റക്കെട്ടായി പോരാടിയതിനാലാണ് രാജ്യത്ത് ഇത്രയും മികച്ച നേട്ടം കൈവരിക്കാനായത്. മോദിയും അമിത് ഷായും ഇന്ത്യയുടെ ഭരണഘടനയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അത് ജനം തിരിച്ചറിഞ്ഞത് വഴിത്തിരിവായി. ഉത്തർ പ്രദേശിലെ ജനങ്ങള്‍ അഹങ്കാരത്തിന്‍റെയും ഹിംസയുടെയും രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്തു.
പ്രചാരണവേളയിൽ സഹകരിച്ചതിന് സമാജ്‌വാദി പാർട്ടിക്കും രാഹുല്‍ നന്ദി പറഞ്ഞു. നേരത്തെയും സഖ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിസ്സഹകരണത്തിന്‍റെ പരാതി എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യ സഖ്യത്തിനായി രാജ്യത്തുടനീളമുള്ള എല്ലാ സഖ്യകക്ഷികളും സഹകരിച്ച്, ഒരുമിച്ച് പോരാടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.