ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല; ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല: മോദി
ന്യൂനപക്ഷങ്ങള്‍ക്കെതിരെ താന്‍ ഒരു അക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും മോദി. പ്രതിപക്ഷത്തിന്‍റേത് പ്രീണന രാഷ്ട്രീയമാണ്, കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയാണ് താൻ വിമർശിച്ചത്, കോണ്‍ഗ്രസ് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്നു, മതാടിസ്ഥാത്തില്‍ സംവരണം ഉണ്ടാകുന്നതിന് അംബേദ്കറും നെഹ്റുവും എതിരായിരുന്നുവെന്നും മോദി.
വാര്‍ത്താ ഏജൻസിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജസ്ഥാനിലും യുപിയിലും മോദി നടത്തിയ പ്രസംഗങ്ങള്‍ വലിയ വിവാദമായിരുന്നു.
ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അവര്‍ കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കും അത് വേണോ എന്നായിരുന്നു രാജസ്ഥാനിലെ പ്രസംഗം. കോണഗ്രസ്- എസ്പി സഖ്യം ജയിച്ചാല്‍ അവര്‍ ജനങ്ങളുടെ സമ്പത്ത് വോട്ട് ജിഹാദിന്‍റെ ആളുകള്‍ക്ക് നല്‍കുമെന്നായിരുന്നു യുപിയിലെ ബാരാബങ്കിയിലെ പ്രസംഗം.