'രാഷ്ട്രീയവും വ്യക്തിജീവിതവും രണ്ട്, തോൽവിയിൽ നിരാശപ്പെടാതെ': സൈബർ ആക്രമണത്തിൽ നയന
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനു പിന്നാലെ, സ്വകാര്യ ചിത്രങ്ങൾ ചോർത്തിയുള്ള സൈബർ ആക്രമണങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് യുവ കോൺഗ്രസ് എംഎൽഎ നയന മോട്ടമ്മ. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും രണ്ടായി കാണണമെന്ന് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ അവർ ആവശ്യപ്പെട്ടു.
തന്റെ സ്വകാര്യ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോയും നയന ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ''ഈ തോൽവിയുടെ നിരാശ ഇനിയും നിങ്ങളെ വേട്ടയാടാൻ അനുവദിക്കരുത്. അതെ... രാഷ്ട്രീയം, ഞാൻ, എന്റെ നിലപാടുകൾ, എന്റെ വ്യക്തിജീവിതം... ഇവ തമ്മിലുള്ള വ്യത്യാസം അറിയാത്ത മണ്ടന്മാർക്കുള്ള മറുപടിയാണിതെല്ലാം.' – വിഡിയോ സഹിതം നയന ട്വിറ്ററിൽ കുറിച്ചു.
മുഡിഗെരെ മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നയന, പിസിസി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി അടുത്ത ബന്ധമുള്ള നേതാവാണ്. മുഡിഗെരെയിലെ ആവേശപ്പോരാട്ടത്തിൽ ബിജെപിയുടെ ദീപക് ദൊദ്ദിയ്യ, ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ജെഡിഎസ് ടിക്കറ്റിൽ മത്സരിച്ച സിറ്റിങ് എംഎൽഎ എം.പി.കുമാരസ്വാമി എന്നിവരെ നേരിയ ഭൂരിപക്ഷത്തിലാണ് നയന മറികടന്നത്. 722 വോട്ടിനാണ് നയന ജയിച്ചത്. മുൻ കർണാടക മന്ത്രിയും ദലിത് ആക്ടിവിസ്റ്റുമായ മോട്ടമ്മയുടെ മകളാണ് നയന.