ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയതിനെ വിമർശിച്ച് സ്റ്റാലിൻ
ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയ കേന്ദ്ര നടപടിയെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സകലതിനെയും കാവിവൽക്കരിക്കാനുള്ള ഗൂഢാലോചന ബിജെപി നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള ഫാഷിസത്തിനു മുകളിൽ ജനങ്ങൾ ഉയർന്നുകഴിഞ്ഞുവെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ‘‘തമിഴ് കവി തിരുവള്ളുവരെ കാവിവൽക്കരിച്ചു. തമിഴ്നാട്ടിലെ വലിയ നേതാക്കളുടെ പ്രതിമകൾക്കെല്ലാം കാവി നിറം നൽകി.’’ സ്റ്റാലിൻ പറയുന്നു.
ലോഗോയുടെ നിറത്തിൽ മാറ്റം വരുത്തിയതിനെ വിമർശിച്ച് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. ലോഗോയുടെ നിറം മാറ്റത്തെ അധാർമികമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചത്. ‘‘രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദൂരദർശൻ ലോഗോ കാവിവൽക്കരിച്ചത് എന്നെ ഞെട്ടിച്ചു. ഇത് തീർച്ചയായും അധാർമികമാണ്, നിയമലംഘനമാണ്’’ – മമത ആരോപിച്ചു.
അതേസമയം, 1982ലാണ് ഓറഞ്ച് നിറത്തിലുള്ള ആദ്യ ലോഗോ അവതരിപ്പിച്ചതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. അതേ വർഷമാണ് ഇന്ത്യയിൽ കളർ ടിവി വരുന്നത്. ദൂരദർശൻ ഇന്ത്യയിലെ ദേശീയ പ്രക്ഷേപണ ചാനലാകുന്നതും അന്നു തന്നെ. തങ്ങൾ അത് തിരിച്ചുകൊണ്ടുവന്നുവെന്നു മാത്രമേയുള്ളൂവെന്നും മാളവ്യ വിശദീകരിച്ചു.
‘‘1982ൽ അവതരിപ്പിക്കപ്പെട്ട ഓറഞ്ച് നിറത്തിലുള്ള ലോഗോ എങ്ങനെയാണ് നീലയായത് എന്ന് കണ്ടെത്തൂ. ഞങ്ങൾ അത് തിരിച്ചുകൊണ്ടുവന്നു എന്നു മാത്രമേയുള്ളൂ. അതിൽ ഞെട്ടാനൊന്നുമില്ല’’ – മാളവ്യ എക്സിൽ കുറിച്ചു.