തമിഴ്നാട് വനംവകുപ്പിന്റെ 'മിഷന്‍ അരിക്കൊമ്പന്‍' ആരംഭിച്ചു
കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ തുരത്താൻ തമിഴ്നാട് വനംവകുപ്പ് പുലര്‍ച്ചെ തന്നെ 'മിഷൻ അരിക്കൊമ്പൻ' ആരംഭിച്ചു.
അരിക്കൊമ്ബനെ മയക്കുവെടിവെച്ച് പിടികൂടി മേഘമലയിലേക്ക് തുറന്നു വിടാനാണ് നീക്കം. ദൗത്യത്തിനായുള്ള കുങ്കിയാനങ്ങള്‍ ഇന്നലെ രാത്രിയോടെയെത്തി.
മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നല്‍കുക.
കൊമ്ബനെ മയക്കുവെടി വെച്ച ശേഷം മേഘമല വനത്തിലെ വരശ്നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി. വൻ സുരക്ഷാ സന്നാഹമാണ് കമ്ബത്ത് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാമ്ബ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
അതേസമയം കാട്ടാനയുടെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ കമ്ബത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെയോടെയാണ് അരിക്കൊമ്ബൻ കമ്ബം ടൗണിലിറങ്ങി ഭീതി പരത്തിയത്.