ബിജെപി-ജെജെപി ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചു. ഗവർണർ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടർ രാജി സമർപ്പിക്കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി.
ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ ജെ.ജെ.പിയെ പിളർത്തി അഞ്ച് എംഎൽഎമാർ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് തന്നെ നിശ്ചയിച്ച് പുതിയ സർക്കാർ അധികാരമേറ്റെടുത്തേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കും. ഹിസാർ, ഭിവാനി-മഹേന്ദ്രഗഡ് ലോക്സഭാ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതാണ് സഖ്യത്തിന്റെ തകർച്ചയിലേക്ക് നയിച്ചത്.