മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക.
ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെന്ന് ഇന്നലെ രാത്രി സിബിഐ വാർത്തകുറിപ്പിലൂടെ അറിയിച്ചിരുന്നു.
അതേസമയം, അറസ്റ്റിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആപ് നേതാക്കൾ അറിയിച്ചു. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ആപ് ആവർത്തിക്കുന്നത്.
അതേസമയം മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതിപക്ഷത്ത് ഭിന്നത പ്രകടമായി. അറസ്റ്റ് സ്വാഗതം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. അരവിന്ദ് കെജ്രിവാൾ അഴിമതിയുടെ നേതാവെന്ന് കോൺഗ്രസ് ഡൽഹി ഘടകം ആരോപിച്ചു. എന്നാൽ അറസ്റ്റ് പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ ആണെന്നാണ് തൃണമൂൽ കോൺഗ്രസും ബിആർഎസും പറയുന്നത്