മണിപ്പൂർ കലാപം ; കൂട്ട ബലാത്സംഗം ഉൾപ്പെടെ 11 കേസുകൾ സിബിഐ അന്വേഷിക്കും
മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ട 11 കേസുകളിൽ അന്വേഷണം സംസ്ഥാന പോലീസിൽ നിന്ന് സിബിഐക്ക് കൈമാറി. ഇതിൽ മൂന്നെണ്ണം കൂട്ടബലാത്സംഗം ആരോപിക്കപ്പെടുന്ന കേസുകളാണ്. സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് 56 വയസ്സുള്ള സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പരസ്യമായി ചവിട്ടിയെന്ന് ആരോപിക്കുന്ന കേസും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ നാലെണ്ണം ആൾക്കൂട്ട അക്രമവുമായി ബന്ധപ്പെട്ടുള്ളതും മൂന്നെണ്ണം മെയ്തി വിഭാഗത്തിനെതിരേയും ഒന്ന് കുക്കി വിഭാഗത്തിനെതിരേയും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുമാണ്.
മേയ് 3 മുതൽ, രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ജൂലൈ 25 വരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 6,523 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.കൂട്ടബലാത്സംഗം നടന്നതായി ആരോപിക്കപ്പെടുന്ന രണ്ട് കേസുകളിൽ പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരു കേസിൽ സ്ഥലവും സമയവും പോലും കണ്ടെത്താനും കഴിട്ടില്ല. മൂന്നാമത്തെ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥനെതിരെയുള്ള എഫ്ഐആർ, ഇംഫാൽ വെസ്റ്റിലെ സിങ്ജമേയിൽ 56 കാരിയായ സ്ത്രീയെ മെയ് 12 ന് ആക്രമിച്ചതിനാണ്. ഇയാളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.