ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ ; യുപിയിലെ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണരംഗം ശക്തമാക്കി പാർട്ടികൾ. ജൂൺ 4ന് ഇന്‍ഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെ മണ്ഡലമായ ലഖ്‌നൗവിൽ ആയിരുന്നു ഇന്‍ഡ്യാ മുന്നണിയുടെ വാർത്താ സമ്മേളനം. എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
''ഭരണഘടനയ്ക്കായി നാം ഒരുമിക്കണം, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾക്ക് ശേഷം പ്രതിപക്ഷം ശക്തമായ നിലയിലാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയോട് വിടപറയാൻ രാജ്യത്തെ ജനങ്ങൾ തയ്യാറായി നില്‍ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍ ജൂൺ 4 മാധ്യമസ്വാതന്ത്ര്യത്തിന്റെ ദിനം ആയിരിക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഉത്തർപ്രദേശിൽ ഇന്‍ഡ്യാ സഖ്യം 79 സീറ്റുകൾ നേടുമെന്നും ഒരു സീറ്റിൽ മാത്രമാണ് പോരാട്ടം നടക്കുന്നതെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു.
അതേസമയം രാഹുൽ ഗാന്ധിയും പ്രിയങ്കയും അമേഠി- റായ്ബറേലി മണ്ഡലങ്ങളിൽ പ്രചാരണം തുടരുകയാണ്. ബി.ജെ.പിക്കും നരേന്ദ്രമോദിക്കും എതിരെ വലിയ വിമർശനങ്ങളാണ് നേതാക്കൾ ഉയർത്തുന്നത്. നാലാം ഘട്ടത്തിൽ വോട്ടിങ് ശതമാനത്തിൽ ഉണ്ടായ നേരിയ വർദ്ധനവ് മുന്നണികൾക്ക് ആവേശം പകരുന്നുണ്ട്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലും പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ.
ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശത്തെയും 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. ആകെ 695 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉള്ളത് ഉത്തർപ്രദേശിലാണ്. അതിനാൽ തന്നെ ദേശീയ നേതാക്കൾ എല്ലാവരും തന്നെ ഉത്തർപ്രദേശിൽ തമ്പടിച്ചിരിക്കുകയാണ്.