പത്ത് മാസമായ കുഞ്ഞിനെ വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞ് കൊന്നു; അമ്മയെ കൂട്ടപീഡനത്തിന് ഇരയാക്കി
മഹാരാഷ്ട്രയിൽ പത്തു മാസം പ്രായമായ പെൺകുഞ്ഞിനെ വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കുകയും ചെയ്തു. പാർഘർ ജില്ലയിലെ മുംബൈ–അഹമ്മദാബാദ് ഹൈവേയിലാണ് ദാരുണസംഭവം. യുവതിയെയും വാഹനത്തിൽനിന്ന് തള്ളിയിട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു.
പെൽഹാർ എന്ന സ്ഥലത്തുനിന്ന് പോേഷറിലേക്കു വരുന്നതിനായാണ് കുഞ്ഞുമായി യുവതി ടാക്സിയിൽ കയറിയത്. കൂടെ മറ്റു ചില യാത്രക്കാരും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ ടാക്സി ഡ്രൈവറും യാത്രക്കാരും മാറി മാറി തന്നെ പീഡനത്തിന് ഇരയാക്കിയതായി യുവതി പൊലീസിനോടു പറഞ്ഞു.
എതിർത്തപ്പോൾ കൂടെയുണ്ടായിരുന്ന മകളെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞതായും ഇവർ പറഞ്ഞു. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പീഡനത്തിനു ശേഷം യുവതിയെയും വാഹനത്തിൽനിന്ന് തള്ളിയിട്ടു. ഇവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.